Banner Ads

തൃശൂരിൽ കെഎസ്ആർടിസി-സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്.

തൃശൂര്‍:തൃശൂർ ചേലക്കര ഉദുവടിയിൽ ഇന്ന് രാവിലെ 7.15-ഓടെ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ നിന്ന് വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യ ബസ് തിരുവില്വാമലയിലേക്ക് പോവുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. കെഎസ്ആർടിസി ബസ് ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിപ്പോവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇരു ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്, എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂരിൽ രാവിലെ മുതൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴ കാരണം റോഡിൽ ബസ് തെന്നിമാറി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.