
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരണവുമായി രംഗത്തെത്തി. രക്ഷാപ്രവർത്തനത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും, കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ല എന്ന് ആദ്യം പറഞ്ഞത് പ്രാഥമികമായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നെന്നും മന്ത്രി വിശദീകരിച്ചു.
കെട്ടിടത്തിൽ ആരും കുടുങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. പ്രിൻസിപ്പലും സൂപ്രണ്ടുമാണ് അങ്ങനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രതികരണം നടത്തിയത്.
അവശിഷ്ടങ്ങൾക്കടിയിൽ പരിശോധിക്കാം എന്ന് കൂടി പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയായിരുന്നു കോട്ടയം മെഡിക്കൽ കോളേജിൽ കാലപ്പഴക്കമുള്ള കെട്ടിടം തകർന്നുവീണത്.
തൊട്ടുപിന്നാലെ മന്ത്രി വീണാ ജോർജും മന്ത്രി വാസവനും സ്ഥലത്തെത്തി. രണ്ട് പേർക്ക് പരിക്കേറ്റു എന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്.ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
മകൾക്ക് കൂട്ടിരിപ്പിനായി മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. കുളിക്കുന്നതിനായി ഈ കെട്ടിടത്തിലെ ശുചിമുറിയിൽഎത്തിയപ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവം നടന്ന ഉടൻ താൻ സ്ഥലത്തെത്തിയെന്നും മന്ത്രി പറഞ്ഞു.