Banner Ads

ചരിത്രം കുറിച്ച് കോട്ടയം: അതിദരിദ്രരില്ലാത്ത കേരളത്തിലെ ആദ്യ ജില്ല!

കോട്ടയം: സംസ്ഥാനത്ത് അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. അതിദരിദ്രരെ കണ്ടെത്തി അവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ വിജയകരമായ മുന്നേറ്റമാണിത്.

അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്.

കോട്ടയം ജില്ലയിൽ കണ്ടെത്തിയ എല്ലാ അതിദരിദ്ര കുടുംബങ്ങൾക്കും അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉറപ്പാക്കാനും കഴിഞ്ഞുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വരുമാനം, പാർപ്പിടം എന്നീ നാല് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദരിദ്രരെ തിരിച്ചറിഞ്ഞതും പദ്ധതികൾ ആവിഷ്കരിച്ചതും.

ഈ നാല് മേഖലകളിലും അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്ക് പുരോഗതി കൈവരിക്കാൻ സാധിച്ചതോടെയാണ് കോട്ടയം ജില്ല അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി മാറിയത്.തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി .

ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി സേവനങ്ങൾ തുടർന്ന് വരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്.വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ആറു കുടുംബങ്ങൾക്കും മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ലഭ്യമാക്കി.

മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി.പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം ചെയ്തിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി.പ്രഖ്യാപന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനാൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ. മണി, അഡീഷണൽ ഡയറക്ടർ പി.സി. ബാലഗോപാൽ, ഡെപ്യൂട്ടി ഡയറക്ടർ, വി.ആർ. രാജീവ്, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.