Banner Ads

കോട്ടയം അയർക്കുന്നം കൊലപാതകം; ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് പിടിയിൽ

കോട്ടയം : ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ഇളപ്പാനിയിലെ നിർമ്മാണം നടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് പശ്ചിമ ബംഗാൾ സ്വദേശിയായ അൽപ്പാനയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവായ സോണിയാണ് കൊലപാതകം നടത്തിയത്.

കഴിഞ്ഞ ദിവസം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് സോണി തന്നെയാണ് അയർക്കുന്നം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകിയ ശേഷം ഇയാൾ കുട്ടികളുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ സോണി കുറ്റം സമ്മതിച്ചു. താൻ ജോലി ചെയ്തിരുന്ന നിർമ്മാണ സ്ഥലത്ത് വെച്ച് ഭാര്യയെ തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം അവിടെത്തന്നെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. നിർമ്മാണ തൊഴിലാളിയായ സോണി ഭാര്യയോടൊപ്പം അയർക്കുന്നത്താണ് താമസിച്ചിരുന്നത്. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.