
പാലക്കാട്:ബൊമ്മിയമ്പടിയിൽ പുലർച്ചെ കൊമ്പനാന വീടിന് ചുറ്റും കൃഷി നശിപ്പിച്ചു.ബൊമ്മിയമ്പടി സ്വദേശി ഹരീഷിന്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ 3.30-ഓടെ ആനയെത്തിയത്. വീടിന് ചുറ്റും നടന്ന ആന വ്യാപകമായ കൃഷിനാശവും വരുത്തി.വീടിന്റെ വാതിൽപടി വരെ ആനയെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ദൃശ്യങ്ങളിൽ, ആന വീടിന്റെ വാതിലിന് സമീപം നിൽക്കുന്നതും ചുറ്റും നടക്കുന്നതും വ്യക്തമായി കാണാം. പുലർച്ചെ വീടിന് ചുറ്റും നിലയുറപ്പിച്ച കൊമ്പൻ ഏറെനേരം ഭീതി പരത്തി. രാവിലെയാണ് കൊമ്പൻ കാട്ടിലേക്ക് തിരികെ പോയത്.അട്ടപ്പാടിയിലെ പല പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.
ജനവാസ മേഖലകളിലേക്ക് ആനകൾ ഇറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. കൃഷിയിടങ്ങൾക്ക് വലിയ നാശനഷ്ടങ്ങളാണ് ആനകൾ വരുത്തുന്നത്. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.