കൊല്ലം : പീഡനകേസിൽ റിമാൻഡില്‍ കഴിയുന്ന നടന്റെ തലമുടി വെട്ടരുതെന്ന് കൊല്ലം ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സിനിമയിലെ അവസരം നഷ്ടമാകുമെന്ന പ്രതിയുടെ അപേക്ഷയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കോടതിയെ സമീപിച്ചത് പ്രതിയായ ആർ. എസ് ജ്യോതിയാണ്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നയാളാണ് ജ്യോതി. ജ്യോതിയുടെ നീട്ടി വളർത്തിയ മുടി വെട്ടാൻ കഴിഞ്ഞ ദിവസം ജയില്‍ അധികൃതർ ശ്രമിച്ചിരുന്നു.
ഹർജിക്കാരന്റെ ആവശ്യം തമിഴ് സിനിമയില്‍ വില്ലൻ വേഷം പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ മുടി വെട്ടരുതെന്നുമാണ്. ജ്യോതിയെ റിമാൻഡ് ചെയ്തത് തീവണ്ടി യാത്രക്കാരിയോട് പീഡനാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് കൊല്ലം റെയില്‍വേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്. ജയില്‍ മാന്വല്‍ അനുസരിച്ച് മുടി വെട്ടണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍ കോടതി പ്രതിക്ക് അവസരം നഷ്ടമാകരുതെന്ന് നിർദേശിക്കുകയായിരുന്നു. ഉത്തരവ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വി നൈനയുടേതാണ്.