Banner Ads

സംസ്ഥാനത്ത് ഇന്ന് മുതൽ മണ്ണെണ്ണ: ലിറ്ററിന് 61 രൂപ ഈടാക്കും

സംസ്ഥാനത്ത് ഇന്നുമുതൽ മണ്ണെണ്ണ വിതരണം പുനരാരംഭിക്കും.മണ്ണെണ്ണ വിതരണം പുനരാരംഭിച്ചത് കേരളത്തിലെ, പ്രത്യേകിച്ച് പാചകത്തിനും വിളക്കിനും മണ്ണെണ്ണയെ ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസകരം തന്നെയാണ്. ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങൾക്ക് ആറ് ലിറ്റർ മണ്ണെണ്ണയും.

എഎവൈ കാർഡുകാർക്ക് ഒരു ലിറ്ററും മറ്റ് കാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുന്നത് മണ്ണെണ്ണ മൊത്തവ്യാപാരികളുമായും, റേഷൻ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായും മന്ത്രി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. 2025-26 വർഷത്തിന്റെ ആദ്യപാദത്തിലേയ്ക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത് സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് വരുത്തിയിരുന്നു.

മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും ഒരു വർഷത്തിലധികമായി പ്രവർത്തനരഹിതമാവുകയും കടത്തുകൂലിയിലെയും റീട്ടെയിൽ കമ്മിഷനിലെയും നിരക്ക് കാലാനുസൃതമായി പുതുക്കാത്തതിനാൽ മൊത്തവ്യാപാരികളും റേഷൻ ഡീലർമാരും മണ്ണെണ്ണ വിട്ടെടുത്ത് വിതരണം ചെയ്യാൻ വിമുഖത കാണിക്കുകയും ചെയ്തിരുന്നു. ഇത് സംസ്ഥാനത്തെ റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.