Banner Ads

കേരളത്തിന്റെ സ്വപ്നപാത; കാസർഗോഡ്-തിരുവനന്തപുരം ആറുവരിപ്പാത 2026-ൽ നാടിന് സമർപ്പിക്കും

കോഴിക്കോട് : കാസർഗോഡ് – തിരുവനന്തപുരം ദേശീയപാത 66-ന്റെ ആറുവരിപ്പാത നിർമ്മാണം 2026-ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് വിഷൻ 2031-ന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത വികസനം സാധ്യമായത് 2016-ൽ അധികാരത്തിൽ വന്ന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ കാരണമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തിയപ്പോൾ ദേശീയപാതയുടെ കാര്യത്തിൽ പദ്ധതി ഉപേക്ഷിക്കുകയോ അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുകയോ ചെയ്യുക എന്ന രണ്ട് വഴികളാണ് മുന്നിലുണ്ടായിരുന്നത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5,580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ദേശീയപാത വികസനം കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.