
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. കിഴക്കൻ മേഖലയിലും മധ്യ തെക്കൻ ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത.
അതേസമയം അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി ജില്ലകളിലും 20ന് പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.