
കൊച്ചി : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കും. ഡിസംബർ അഞ്ചിനും പതിനഞ്ചിനും ഇടയിൽ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്നാണ് വിവരം. ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കിയേക്കും. നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഡിസംബർ 21ന് അവസാനിക്കും.
അതിനുമുൻപ് ഫലം പ്രഖ്യാപിച്ച് പുതിയ സമിതികൾ ഡിസംബർ 21ന് ചുമതലയേൽക്കണം. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ചിരുന്നു. നിലവിൽ തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫിനാണ് മുൻതൂക്കം. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാവധി മുന്നേറി സംസ്ഥാന ഭരണത്തിന് തുടർച്ച ഉണ്ടാക്കുകയാണ് എൽഡിഎഫ് ലക്ഷ്യം.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം സ്വന്തമാക്കി ആ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. പ്രഖ്യാപനം വരുന്നതോടെ മുന്നണികൾ സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും വേഗത്തിലാക്കിയിട്ടുണ്ട്. പല തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
കൂട്ടിച്ചേർക്കലുകൾക്കുള്ള അപേക്ഷകൾ പരിഗണിച്ച് നവംബർ 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടികയിൽ 2,84,30,761 വോട്ടർമാരാണുള്ളത്. ഇതിൽ 1,49,59,273 സ്ത്രീകളും 1,33,52,996 പുരുഷന്മാരും 271 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. 941 പഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റി, ആറ് കോർപറേഷൻ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കാലാവധി 2027 വരെയാണ്. സംവരണ വാർഡുകളുടെയും തദ്ദേശ സ്ഥാപന അധ്യക്ഷരുടെയും നറുക്കെടുപ്പ് ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കി. 2020ൽ കോവിഡ് കാലത്ത് ഡിസംബർ എട്ട്, 10, 14 തീയതികളിലായിരുന്നു തെരഞ്ഞെടുപ്പ്. 2015ൽ രണ്ടു ഘട്ടമായിരുന്നു. ഇത്തവണയും രണ്ടുഘട്ടമാകാനാണ് സാധ്യത.
സമയക്രമം പ്രഖ്യാപിച്ചാൽ വിജ്ഞാപനത്തിന് ചെറിയ ഇടവേളയുണ്ടാകും. വിജ്ഞാപനം വന്ന് ഒരാഴ്ചയ്ക്കകം നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയാക്കണം. സ്ഥാനാർഥികളുടെ അന്തിമരൂപം ആയാൽ 14 ദിവസമാണ് പ്രചാരണത്തിന് ലഭിക്കുക.