Banner Ads

വിവാദമാക്കേണ്ട അത് നിഷ്കളങ്കമായ ആഘോഷം; വന്ദേഭാരതിലെ ഗണഗീത വിവാദത്തിൽ സുരേഷ് ഗോപി

തൃശ്ശൂർ : കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ യാത്രക്കിടെ കുട്ടികൾ ഗണഗീതം ആലപിച്ചതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികൾ ഗാനം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്നും അതിനെ വിവാദമാക്കേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കുട്ടികൾക്ക് അപ്പോൾ തോന്നിയത് അവർ ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതം ആസ്വദിക്കാനുള്ളതാണ്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡ് കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.

തൃശ്ശൂരിലെ ചില പ്രദേശങ്ങളിലെ ഗുരുതരമായ വിഷയങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശ്ശൂരിലെ മോഡേൺ നഗർ, പാടൂകാട് നഗർ എന്നിവിടങ്ങളിലെ പ്രശ്നം ഗുരുതരമാണെന്നും അപകടകരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരത് ട്രെയിനുകളുടെ വരവ് ഒരു വലിയ ആഘോഷമാണ്.

പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ട്രാക്കുകളുടെ അപര്യാപ്തത കാരണമാണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു.