
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) സിനിമകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ നടപടി ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 29-ാമത് ഐഎഫ്എഫ്‌കെയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ ഫാസിസ്റ്റ് നീക്കങ്ങളെയും അതിജീവിച്ച് മേള ഇവിടെത്തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
രാഷ്ട്രീയമായ വ്യക്തമായ നിലപാടുകൾ ഉയർത്തിപ്പിടിച്ചതുകൊണ്ടുതന്നെ ഇത്തവണത്തെ ഐഎഫ്എഫ്‌കെ ലോകത്തിലെ തന്നെ മികച്ച മേളകളിലൊന്നായി മാറി.മറ്റ് മേളകളിൽ നിന്ന് വ്യത്യസ്തമായി ഐഎഫ്എഫ്‌കെ എന്നും ജനാധിപത്യ മൂല്യങ്ങൾക്കൊപ്പം നിൽക്കുന്നു. ജനാധിപത്യത്തിന് എതിരായ ഏത് നടപടിയെയും ചെറുത്തുതോൽപ്പിക്കാൻ മേളയ്ക്ക് കരുത്തുണ്ട്.
സിനിമകൾക്ക് വിലക്ക് കൽപ്പിക്കുന്നത് കലയെയും കലാകാരനെയും ഭയപ്പെടുന്നതുകൊണ്ടാണ്. എന്നാൽ ഇത്തരം കടന്നുകയറ്റങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഫാസിസ്റ്റ് നടപടികളെ മറികടന്ന് ഐഎഫ്എഫ്‌കെ വരും വർഷങ്ങളിലും കൂടുതൽ കരുത്തോടെ തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.