
കൊച്ചി : തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ താൻ കുറ്റക്കാരനാണെന്ന കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് ആന്റണി രാജു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാറുണ്ടെന്നും ആന്റണി രാജു പറഞ്ഞു. നെടുമങ്ങാട് ഒന്നാം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേസ് നടപടികൾ വീണ്ടും ഊർജ്ജിതമായതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേസ് നടപടികൾ വീണ്ടും തുടങ്ങിയത്. ഒരിക്കൽപ്പോലും കോടതിയിൽ ഹാജരാകാതിരുന്നിട്ടില്ല. 2005ൽ പൊടുന്നനെയാണ് തനിക്കെതിരെ കേസ് വന്നത്. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതൽ പരിശോധനാ ലാബിൽ നൽകുന്നതിന് മുൻപ് വെട്ടിത്തയ്ച്ച് വലിപ്പം കുറച്ചു എന്നതായിരുന്നു ആന്റണി രാജുവിനെതിരെയുള്ള കേസ്.