
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനം മുംബൈയിൽ അടിയന്തര ലാൻഡിങ് നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുലർച്ചെ 1.56ന് പുറപ്പെട്ട ഇൻഡിഗോ 6E1234 (എയർബസ് A321-251NX) വിമാനമാണ് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടത്.
ഹൈദരാബാദ് വിമാനത്താവള അധികൃതർക്കാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്.തുടർന്ന്, എമർജൻസി പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു.വിമാനം രാവിലെ 8.10ന് മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.ലാൻഡിംഗിന് പിന്നാലെ ബോംബ് സ്ക്വാഡ്, സിഐഎസ്എഫ് (CISF), പോലീസ് എന്നിവർ ചേർന്ന് വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധനകൾ നടത്തി.