Banner Ads

ഇന്ത്യ ചരിത്രം കുറിച്ചു! ചാമ്പ്യന്മാരെ തകർത്ത് വനിത ലോകകപ്പ് ഫൈനലിൽ; ജെമിമയുടെ വെടിക്കെട്ട് സെഞ്ച്വറി.

വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺസ് ചേസിങ്ങിലൂടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യൻ വനിതാ ടീം ചരിത്രം കുറിച്ചത്.ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.സെമിഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറിൽ 338 റൺസ് എന്ന കൂറ്റൻ സ്കോറിൽ ഓൾഔട്ടായി.

എന്നാൽ, പൊരുതാനുറച്ച് ഇറങ്ങിയ ഇന്ത്യ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.ഈ ചരിത്ര വിജയത്തിന് പിന്നിലെ ശക്തി ജെമിമ റോഡ്രിഗ്സിന്റെയും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെയും വിസ്മയ പ്രകടനമാണ്. പുറത്താകാതെ സെഞ്ച്വറി (119 റൺസ്) നേടിയ ജെമിമ ഇന്ത്യയുടെ ചേസിംഗിന് ചുക്കാൻ പിടിച്ചപ്പോൾ, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 89 റൺസെടുത്ത് മികച്ച പിന്തുണ നൽകി.

ഓസീസിന്റെ തകർപ്പൻ പ്രകടനം ഫീബി ലിച്ച്‌ഫീൽഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെ (119) പിൻബലത്തിലാണ് ഓസ്ട്രേലിയ 338 റൺസിലെത്തിയത്. വനിതാ ഏകദിന ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് 77 പന്തുകളിൽ ലിച്ച്‌ഫീൽഡ് നേടിയത്. എല്ലിസ് പെറിയും (77), ആഷ്ലി ഗാർഡനറും (63) അർദ്ധ സെഞ്ച്വറിയുമായി ഓസീസിനായി തിളങ്ങി.

എങ്കിലും, ഇന്ത്യൻ ബൗളിംഗിൽ ശ്രീ ചരണി, ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഓസീസ് സ്കോറിംഗിന്റെ വേഗത കുറച്ചു. ഒടുവിൽ, ജെമിമയുടെയും ഹർമൻപ്രീതിന്റെയും പോരാട്ടവീര്യത്തിന് മുന്നിൽ ഓസീസ് ബൗളർമാർക്ക് പിടിച്ചുനിൽക്കാനായില്ല.