
പെരുമ്ബാവൂർ:ശക്തമായ മഴയിലും കാറ്റിലും കൂവപ്പടി, അശമന്നൂർ തുടങ്ങിയ പഞ്ചായത്തുകളിൽ വൻ നാശം.ചൊവ്വാഴ്ച വൈകീട്ടോടെയാണ് പല സ്ഥലങ്ങളിലും വൈദ്യുതി തകരാർ പരിഹരിച്ചത്. കൂവപ്പടി തൊടാപ്പറമ്ബ് കുഴുപ്പടിക്കൽ ജി. രാധാകൃഷ്ണൻ ഇളയിടത്തിന്റെ പറമ്ബിൽ നിന്ന കാഴ്ചലമുള്ള ജാതി മരങ്ങളും വലിയ തേക്ക് മരവും 20ഓളം കുലക്കാറായ ഏത്തവാഴകളും നിലംപൊത്തി.
ചേരാനല്ലൂർ പുത്തൻകുടി വർഗീസ് ലൂയിസിന്റെ വീടിനു മുകളിലേക്ക് വൻ തേക്കുമരം കടപുഴകി വീണു. വീടിന്റെ മുകൾഭാഗം ഭാഗികമായി തകർന്നു ചേരാനല്ലൂർ തേലക്കാട് പി.ആർ. ജോണിയുടെ 500ഓളം കുലച്ച വാഴകൾ കാറ്റിൽ നശിച്ചു. തേലക്കാട്ട് മിഖായേൽ തോമസിന്റെ മുപ്പതോളം ജാതി മരങ്ങൾ കടപുഴകി.
അശമന്നൂർ പഞ്ചായത്തിലെ ഓടക്കാലി മേയ്ക്കുമാലിൽ സജു പോളിന്റെ 3500 ചതുരശ്രയടി വലിപ്പമുള്ള കോഴി ഷെഡ് നിലംപൊത്തി പാത്രങ്ങൾ, പ്ലമ്ബിങ്, വയറിങ്, ട്രസ്റ്റ് വർക്കുകൾ എന്നിവ പൂർണമായി നശിച്ചു.ഷെഡിൽ 1500ലേറെ കോഴികളുണ്ടായിരുന്നു. നാല് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ഒക്കൽ അഞ്ചാം വാർഡിൽ മൂന്ന് വീടുകൾ തകർന്നു. മൂന്നാം വാർഡിൽ കോഴിഫാം നിലംപൊത്തി. ആന്റാപുരം ചിറയത്തമംഗലത്ത് വീട്ടിൽ ബിനോയിയുടെ വീടിന് മുകളിലേക്ക് മരം മറിഞ്ഞ് വീണ് സാരമായ കേടുപാട് സംഭവിച്ചു.