
ആലപ്പുഴ: വി.എസ്സിന് വിട: ജന്മനാടായ അമ്പലപ്പുഴയും കടന്ന് ജനനായകന്റെ വേലിക്കകത്ത് വീട്ടിൽ വി എസ് അച്യുതാനന്ദന്‍റെ സമര ഭരിത ജീവിതത്തിന് കേരളം നൽകുന്നത് അവിസ്മരണീയ യാത്രയയപ്പ്. ജനസാഗരത്തിനു നടുവിലൂടെ വിലാപയാത്ര ആലപ്പുഴയിൽ എത്തിയത് 20 മണിക്കൂറിലധികം സമയമെടുത്താണ്.
പെരുമഴയെ തോൽപ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. ജനങ്ങളുടെ സ്നേഹവും വികാരവും ഉൾക്കൊണ്ട് വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് പതിനായിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തുന്നത്.
പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തുന്നത്. വിലാപ യാത്ര 22 മണിക്കൂറിലേക്ക് കടക്കുമ്പോൾ വി എസിനെ ആദ്യമായി നിയമസഭയിലേക്ക് അയച്ച അമ്പലപ്പുഴ കടന്നത്. അത്രമേൽ വൈകാരിക കാഴ്ചകളാണ് പിറന്ന നാട്ടിലും വളർന്ന മണ്ണിലും വി എസിന്‍റെ അവസാന യാത്രയിലുടനീളം കാണുന്നത്.