Banner Ads

ഒരു യൂണിയനും സംഘടനയും ഉണ്ടാക്കാൻ ഞാനില്ല ; സംവിധായകൻ വിനയൻ

കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ പലവിധത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് മലയാള സിനിമയില്‍ ഉയർന്ന് വരുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനേക്കാള്‍ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകളെക്കുറിച്ചുള്ള ചർച്ചകളാണ് കൂടുതൽ സജീവം. അമ്മയ്‌ക്കും ഫെഫ്കയ്‌ക്കും എതിരെ പരസ്യമായി രംഗത്തുവന്ന് സംസാരിച്ച രണ്ടു പ്രധാന വ്യക്തികളാണ് സംവിധായകരായ വിനയനും ആഷിക് അബുവും.  ഇവർ ഇരുവരും ചേർന്ന് മലയാള സിനിമാ മേഖലയിൽ സാങ്കേതിക പ്രവർത്തകരുടെ ഒരു പുതിയ സംഘടന രൂപീകരിക്കാൻ പോകുന്നു എന്ന രീതിയിലുള്ള ചർച്ചകളും ഉടലെടുത്തിരുന്നു. ഇപ്പോൾ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ.

മാക്ട ഫെഡറേഷൻ സംഘടനയില്‍ ഇന്ന് ആരും തന്നെയില്ല.  അത് ഇന്ന് ഫെഫ്കയാണ്. വേറെ ഒന്നിനുമല്ല ഫെഫ്ക രൂപീകരിച്ചത്.  പവർ ഗ്രൂപ്പിലുള്ളവർക്ക് തോന്നിവാസം പോലെ നടക്കാനാണ് ഒരു സംഘടനയായിട്ട് മാക്ട പിളർത്തി കൊണ്ട് ഫെഫ്ക രൂപീകരിച്ചത്.  ഞാനും ആഷിക് അബുവും ഒന്നിച്ച് സംഘടന ഉണ്ടാക്കുന്ന എന്ന തരത്തിലുള്ള വാർത്തകളില്‍ ഒരു വാസ്തവവും ഇല്ല. ഞാനും ആഷിക് അബുവും തമ്മിൽ സംസാരിച്ചിട്ട് വർഷങ്ങളായി. എനിക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ടിവിയില്‍ ആഷിക് അബു പറഞ്ഞപ്പോഴാണ് ആഷിക് അബുവിനെ പോലുള്ളവർ എന്നെ ശ്രദ്ധിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നത്.

ഞാൻ പുതിയ സംഘടനകൾ ഉണ്ടാക്കാനോ അതിന്റെ നേതൃത്വത്തില്‍ വരുവാനോ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ആഷിക് അബു പുതിയ ഒരു യൂണിയൻ കൊണ്ടുവരുകയാണെങ്കിൽ അത് നല്ലതാണെന്നെ ഞാൻ പറയൂ.  എനിക്ക് നല്ലതെന്ന് തോന്നുന്ന യൂണിയനുകൾ ഉണ്ടെങ്കിൽ ഞാൻ ഭാവിയില്‍ ചേർന്നേക്കാം.  ചിലപ്പോൾ പ്രവർത്തിച്ചേക്കാം, അതല്ലാതെ മറിച്ച് ഒരു യൂണിയനും സംഘടനയും ഉണ്ടാക്കാൻ താനില്ലായെന്നാണ് വിനയൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *