
പാലക്കാട് : ശ്രീകൃഷ്ണപുരം കാട്ടുകുളത്ത് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു.
കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയിൽ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ദീക്ഷിത് തന്നെയാണ് വൈഷ്ണവിയെ മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പുതന്നെ വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി.
ഇവർ തമ്മിലുള്ള വിവാഹം ഒന്നര വർഷം മുൻപാണ് നടന്നത്. ചോദ്യം ചെയ്യലിൽ ദീക്ഷിത് കുറ്റം സമ്മതിച്ചതായി മണ്ണാർക്കാട് ഡിവൈഎസ്പി അറിയിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ വീട്ടിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.