
പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. ജനുവരി 20 വരെ നീണ്ടുനിൽക്കുന്ന പുണ്യ തീർഥാടനത്തിനാണ് ഇതോടെ തുടക്കമായത്.
ഇന്ന് നട തുറന്നെങ്കിലും പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. നാളെ (നവംബർ 17) വൃശ്ചികപ്പുലരിയിൽ പുലർച്ചെ മൂന്ന് മണിക്ക് പുതിയ ശബരിമല മാളികപ്പുറം മേൽശാന്തിമാർ നടകൾ തുറക്കുന്നതോടെയാണ് തീർഥാടനം ആരംഭിക്കുക. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും നാളെ നടക്കും.
എല്ലാ ദിവസവും പുലർച്ചെ 3 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 11 മണി വരെയും ഭക്തർക്ക് ദർശനം നടത്താം. ഡിസംബർ 26ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധനയും 27ന് മണ്ഡലപൂജയും നടക്കും. അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർഥാടനം അവസാനിക്കും. 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.