Banner Ads

ചരിത്രപരമായ തീരുമാനം: ട്രാൻസ് വുമൺ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റിൽ മത്സരിക്കാം; നാമനിർദേശ പത്രിക അംഗീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥിയായ ട്രാൻസ് വുമൺ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ അനുമതി ലഭിച്ചു. നിയമപരമായ എല്ലാ തടസ്സങ്ങളും നീക്കി അമേയയുടെ നാമനിർദേശ പത്രിക വരണാധികാരി അംഗീകരിച്ചു.

അമേയ ഒരു ട്രാൻസ് വുമൺ ആയതുകൊണ്ടും, വോട്ടർ പട്ടികയിൽ ‘ട്രാൻസ്ജെൻഡർ’ എന്ന് രേഖപ്പെടുത്തിയതുകൊണ്ടുമായിരുന്നു വനിതാ സംവരണ സീറ്റിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആദ്യം ആശങ്കകൾ ഉയർന്നത്.വിഷയത്തിൽ വ്യക്തത തേടി അമേയ പ്രസാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരണാധികാരിക്ക് എടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

നിയമപരമായ സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കിയ ശേഷം, രേഖകൾ പ്രകാരം അമേയ വനിതയാണെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി പത്രിക അംഗീകരിച്ചു. ഇതോടെ അമേയയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വഴി തുറന്നു.നിയമപരമായ തടസ്സങ്ങൾ നീങ്ങുന്നതിനുമുമ്പ് തന്നെ അമേയ പോത്തൻകോട് ഡിവിഷനിൽ പ്രചാരണം തുടങ്ങിയിരുന്നു. ഈ സ്ഥിരീകരണം അമേയയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകും.