
പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു. 92 വയസിലായിരുന്നു വിടപറയൽ.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയിൽ വിശ്രമജീവിതത്തിൽ ഇരിക്കവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം.
1932 ഓഗസ്റ്റ് 20ന് പൊന്നാനിയിയിൽ ആയിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്‍റെ ജനനം. ഇന്ത്യൻ അക്കാദമിക ചരിത്രമേഖലയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൻ്റെ മുൻ അധ്യക്ഷൻ കൂടിയായിരുന്നു.
ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി.1954-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായി. കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിൽ 1964 മുതലും, 1968 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി. 1973-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടി. 1974 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി.
ചരിത്ര വിഭാഗം തലവനായി 1992-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചു. നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പർ സെക്രട്ടറിയായിരുന്നു. 2004-05 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാനായി.
കേരളചരിത്രം, തമിഴകചരിത്രം, പ്രാചീനഭാരതീയചരിത്രം, ചരിത്രരചനാ പദ്ധതി എന്നീ മേഖലകളിലായിരുന്നു എംജിഎസ് പ്രധാനമായും ശ്രദ്ധ പതിപ്പിച്ചിരുന്നത്. പതിറ്റാണ്ടുകളുടെ അധ്യാപനപരിചയത്തിൽ ആയിരത്തിലധികം ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു.