
തിരുവനന്തപുരം : ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് (സപ്ലൈകോ) 50 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
ഈ വർഷത്തെ ബജറ്റിൽ സപ്ലൈകോയ്ക്കായി നീക്കിവെച്ചിരുന്ന 250 കോടി രൂപ ഓണക്കാല മുന്നൊരുക്കത്തിനായി നേരത്തെ തന്നെ പൂർണമായി അനുവദിച്ചിരുന്നു. ഇത് അധിക വിഹിതമായാണ് ഇപ്പോൾ 50 കോടി രൂപ കൂടി നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ബജറ്റിൽ 250 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും വിപണി ഇടപെടലിനായി ആകെ 489 കോടി രൂപ അനുവദിച്ചിരുന്നു.
2011-12 മുതൽ 2024–25 വരെയുള്ള 15 വർഷക്കാലയളവിൽ സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി സർക്കാർ 7680 കോടി രൂപ നൽകിയിട്ടുണ്ട്. ഇതിൽ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയത്. ബാക്കി 7270 കോടി രൂപയും അനുവദിച്ചത് എൽഡിഎഫ് സർക്കാരുകളാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.