
തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് (ഞായറാഴ്ച) നാല് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. തിങ്കളാഴ്ചയും (നാളെ) തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരും. ഇടിമിന്നൽ അപകടകാരികളായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ഇടിമിന്നല്‍ സമയത്ത് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വൈദ്യുതോപകരണങ്ങളോട് സമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യണമെന്ന് നിര്‍ദേശിച്ചു. അതേസമയം, നിലവിലെ സാഹചര്യത്തിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.