Banner Ads

ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; കേരളത്തിൽ മഴ തുടരും, നവംബർ 24ഓടെ തീവ്രന്യൂനമർദ്ദത്തിന് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കന്യാകുമാരി കടലിന് മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം നിലവിൽ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യൂനമർദ്ദമായി ശക്തിപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.