
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത 3 ജില്ലകളിൽ റെഡ് അലർട്ട്.കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അതീ തീവ്ര മഴ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്.
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും; ജൂലൈ 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും റെഡ് അലർട്ടാണ്.