Banner Ads

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ദിവസം ജാഗ്രത നിർദ്ദേശം

കേരളത്തിൽ ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത.മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ ഝാർഖണ്ഡ് ,ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതല്‍ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു.

തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ വീണ്ടും അതീവ ശക്തി പ്രാപിക്കുന്നത്. ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് . ഈ ദിവസങ്ങളില്‍ കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെലോ അലർട്ടാണ്.

ഇരുപത്തിനാലു മണിക്കൂറിൽ 64.7 മില്ലിമീറ്റർ മുതല്‍ 115.8 മില്ലിമീറ്റർ വരെ മഴ സാധ്യത നിലനിൽക്കുന്നു. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത നിലനിൽക്കുന്നു.കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.