
അതിരപ്പിള്ളിയിൽ കനത്ത മഴ തുടരുന്നതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഇന്നലെ രാത്രി നാല് മണിക്കൂറോളം നിർത്താതെ മഴ പെയ്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തത്.
മലക്കപ്പാറ റൂട്ടിൽ രൂക്ഷമായ വെള്ളക്കെട്ട് കാരണം മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അടുത്ത നാല് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാടിനും മന്നാർ കടലിടുക്കിനും മുകളിലായി രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ചയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. അതേസമയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയ്ക്കും, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.