Banner Ads

ഗുരുവായൂർ ഏകാദശി പൂജ; ഭരണസൗകര്യം നോക്കി മാറ്റരുത്, ദേവസ്വം ബോർഡിന് സുപ്രീം കോടതിയുടെ തിരിച്ചടി

തൃശൂർ : ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ വൃശ്ചിക മാസത്തിൽ തന്നെ നടത്തണമെന്ന് സുപ്രീം കോടതി. ഭരണപരമായ സൗകര്യങ്ങൾ നോക്കി പൂജ മാറ്റിവെക്കരുതെന്ന് നിർദേശിച്ച കോടതി വിഷയത്തിൽ ദേവസ്വം ബോർഡിനും തന്ത്രി വിഭാഗത്തിനും തിരിച്ചടി നൽകി. പൂജകളിലൂടെ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ചൈതന്യം വർധിപ്പിക്കലാണ് തന്ത്രിയുടെ കടമയെന്ന് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റേണ്ട കാര്യം തന്ത്രിക്കില്ലെന്നും കോടതി പറഞ്ഞു. ഡിസംബർ ഒന്നിനാണ് ഈ വർഷത്തെ വൃശ്ചികമാസത്തിലെ ഏകാദശി ദിവസം. കഴിഞ്ഞ തവണ വൃശ്ചിക ഏകാദശി നാളിലെ പൂജ ഭക്തരുടെ തിരക്ക് ചൂണ്ടിക്കാട്ടി തുലാമാസത്തിലെ ഏകാദശിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ തന്ത്രിയുടെ കുടുംബമായ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താൻ ദേവസ്വം ഭരണസമിതിക്ക് അധികാരമുണ്ടെന്ന് അഡ്മിനിസ്‌ട്രേറ്റർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഗുരുവായൂർ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്ക് സൗകര്യമൊരുക്കേണ്ടത് ദേവസ്വത്തിന്റെ നിയമപരമായ കടമയാണ്. ഇതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുവാദത്തോടെ പൂജ മാറ്റിയത്.

ഏകാദശി ദിവസം പ്രത്യേക പൂജയില്ലെന്നും പൂജയില്ലാതെ വൃശ്ചിക ഏകാദശി പൂർത്തിയാകില്ലെന്ന വാദം തെറ്റാണെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കോടതിയെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ തന്ത്രിക്ക് ഉചിതമെന്ന് തോന്നിയാൽ ഈ തുലാമാസത്തിലും ഉദയാസ്തമന പൂജ നടത്താവുന്നതാണെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.