Banner Ads

ഗുരുവായൂർ ഏകാദശി; ദർശനത്തിന് പൊതുവരി നിർബന്ധം, വിഐപി നിയന്ത്രണം

തൃശൂർ : ഗുരുവായൂർ ഏകാദശിക്ക് തിരക്ക് നിയന്ത്രിക്കുന്നതിനായി ദർശനത്തിന് പൊതുവരിയിൽ നിൽക്കുന്നവർക്ക് മുൻഗണന നൽകുമെന്ന് ദേവസ്വം അറിയിച്ചു. ഏകാദശി ദിവസം വിഐപി ദർശനവും പ്രത്യേക ദർശനങ്ങളും നിയന്ത്രിക്കും. രാവിലെ 5 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും പ്രത്യേക ദർശനത്തിനുള്ള നിയന്ത്രണം. നെയ്‌വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം അനുവദിക്കില്ല.

എന്നാൽ നേരത്തേ ശീട്ടാക്കിയവരെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിപ്രദക്ഷിണം, ശയന പ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേകദർശനം എന്നിവയും ഉണ്ടാകില്ല. കിഴക്കേനടയിലെ പൂന്താനം ഹാളിൽ നിന്നായിരിക്കും പൊതുവരി ആരംഭിക്കുക. മുതിർന്ന പൗരൻമാർക്കും തദ്ദേശവാസികൾക്കുമുള്ള ദർശനം വെളുപ്പിന് മൂന്നര മുതൽ നാലര വരെയായിരിക്കും.

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്തവണ ഏകാദശി ദിവസം ഉദയാസ്തമയപൂജ നടത്തും. ഇത് കാരണം ഭക്തർക്ക് ഇടവിട്ടുള്ള ദർശനമേ ലഭിക്കൂ. ഏകാദശിക്ക് ഒരു ലക്ഷം പേർ ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40,000-ത്തോളം പേർക്ക് ഏകാദശി ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.