
ഗുരുവായൂർ:ഭക്തരെ ചൂഷണം ചെയ്യുന്ന സാമൂഹിക മാധ്യമ കൂട്ടായ്മകൾക്കെതിരെ നിയമനടപടിയെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി.ക്ഷേത്രത്തിൽ തൊഴാനും വഴിപാടുകൾ നടത്താനും സൗകര്യങ്ങൾ ചെയ്യാമെന്നു പറഞ്ഞ് ഭക്തരിൽ നിന്ന് പലരും പണം വാങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും ക്ഷേത്രദർശനത്തിനാ വഴിപാടുകൾ നടത്താനോ ദേവസ്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
തട്ടിപ്പു നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നിൽ. വഞ്ചിതരായ ഭക്തർ പരാതി നൽകണമെന്നും ദേവസ്വം ചെയർമാൻ നിർദേശിച്ചു.ഗുരുവായൂർ കേന്ദ്രമായുള്ള യൂട്യൂബ് ചാനലിന്റെ വാളാപ് കൂട്ടായ്മ ആലപ്പുഴ സ്വദേശിനി ഭക്തയിൽ നിന്ന് 2024 സെപ്റ്റംബർ 7ന് 9000 രൂപ തട്ടിയെടുത്തെന്ന പരാതി ദേവസ്വത്തിന് ലഭിച്ചു.
ക്ഷേത്രത്തിൽ കളഭച്ചാർത്ത് വഴിപാട് നടത്താനായിട്ടാണ് പണം നൽകിയത്. എന്നാൽ പ്രസാദമായി കളഭം ലഭിച്ചില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ദേവസ്വത്തിലും പോലീസിലും തങ്ങൾക്ക് സ്വാധീനമുണ്ടെന്നു പറഞ്ഞ് വാളാപ് കൂട്ടായ്മയുടെ അഡ്മിൻ ഇവരെ ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദേവസ്വം മുന്നറിയിപ്പ്.