Banner Ads

ജിഎസ്ടി സേവിംഗ്സ് ഉത്സവം നാളെ മുതൽ; പ്രധാനമന്ത്രിയുടെ നവരാത്രി ആശംസകൾ

ദില്ലി : രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നു. നാളെ മുതൽ ആരംഭിക്കുന്ന ജിഎസ്ടി സേവിംഗ്സ് ഉത്സവം സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി നിരക്ക് ഇനി 5% ഉം 18% ഉം എന്ന രണ്ട് സ്ലാബുകളായി ചുരുങ്ങും.

ഇത് ചരക്ക്-സേവന നികുതി നടപ്പിലാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമാണ്. ജിഎസ്ടി നിരക്കിലെ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാളെ മുതൽ ഒരാഴ്ചക്കാലം ‘ജിഎസ്ടി സേവിംഗ്സ് വാരമായി’ ആചരിക്കും. പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികൾ നടക്കും.

നിത്യോപയോഗ സാധനങ്ങൾ മുതൽ വാഹനങ്ങൾ വരെ നിർമ്മിക്കുന്ന വൻകിട കമ്പനികൾ പുതിയ വിലനിലവാരം സംബന്ധിച്ച് പരസ്യങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ സ്റ്റോക്കുകൾ വിപണിയിൽ എത്തുമ്പോൾ മാത്രമേ ഈ വിലക്കുറവ് ചെറുകിട വ്യാപാര മേഖലയിൽ പ്രതിഫലിക്കാൻ സാധ്യതയുള്ളൂ. നികുതിയിളവിന്റെ പൂർണ്ണ പ്രയോജനം ജനങ്ങൾക്ക് ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.