
ദില്ലി : രാജ്യം നാളെ മുതൽ പുതിയ ജിഎസ്ടി നിരക്കിലേക്ക് . വില കുറയ്ക്കുന്നതിന്റെ ഭാഗമായി 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് തട്ടുകളിലായിരുന്ന നികുതി ഘടനയെ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുക്കി. ഇതോടെ ഉൽപ്പന്നങ്ങളുടെ വില വലിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷ.
പുതിയ ജിഎസ്ടി പരിഷ്കരണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നാളെ മുതൽ ഒരാഴ്ചക്കാലം ‘ജിഎസ്ടി സേവിംഗ്സ് വാരമായി’ ആചരിക്കുമെന്ന് ബിജെപി അറിയിച്ചു. ഇതിന്റെ ഭാഗമായി പദയാത്രകൾ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കും. അതേസമയം ജിഎസ്ടി നിരക്ക് കുറയുന്നതിന്റെ പ്രയോജനം ജനങ്ങൾക്ക് പൂർണ്ണമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നിത്യോപയോഗ സാധനങ്ങൾ മുതൽ വാഹനങ്ങൾ വരെ നിർമ്മിക്കുന്ന വൻകിട കമ്പനികൾ പുതിയ വിലനിലവാരം സംബന്ധിച്ച് പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. എന്നാൽ, പുതിയ സ്റ്റോക്കുകൾ വിപണിയിൽ എത്തുമ്പോൾ മാത്രമേ ചെറുകിട വ്യാപാര മേഖലയിൽ ഈ വിലക്കുറവ് പ്രതിഫലിക്കാൻ സാധ്യതയുള്ളൂ. ചരക്ക്-സേവന നികുതി നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കരണമാണിത്.