Banner Ads

ഗോവിന്ദച്ചാമി കിണറ്റിൽ; ജയിൽ ചാടിയ പ്രതിയെ കണ്ടെത്തി പോലീസ്

കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ആളൊഴിഞ്ഞ ഒരു വീടിന്റെ കിണറ്റിൽ ഒളിച്ചിരിക്കവെ പോലീസ് പിടികൂടി. ജയിൽ ചാടിയ ശേഷം നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.കറുത്ത പാന്റും കറുത്ത ഷർട്ടും ധരിച്ച ഒരാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഗോവിന്ദച്ചാമിയെ കണ്ടെത്താൻ നിർണായകമായത്.

ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു വീട്ടിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഈ ഭാഗത്ത് ഇയാളെ പുലർച്ചെ കണ്ടയാൾ നൽകിയ വിവരങ്ങളും തിരച്ചിലിനായി എത്തിച്ച പോലീസ് നായയും ഇതേ ഭാഗത്തേക്ക് നീങ്ങിയതും അന്വേഷണത്തിന് സഹായകമായി.അറസ്റ്റ് ചെയ്ത ശേഷം ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അറസ്റ്റിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച സിറ്റി പൊലീസ് കമ്മീഷണർ കൂടുതൽ വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പുറത്ത് വിടുമെന്ന് വ്യക്തമാക്കി.ഗോവിന്ദച്ചാമി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു നാടകീയമായി രക്ഷപ്പെട്ടത്. പുലർച്ചെ 1.15 ഓടെ അതീവ സുരക്ഷയുള്ള സെല്ലിലെ ഇരുമ്‌ബ് കമ്ബികൾ മുറിച്ചാണ് ഇയാൾ പുറത്തേക്ക് കടന്നത്. പിന്നീട് ക്വാറന്റൈൻ ബ്ലോക്കിലൂടെ ഇറങ്ങി കൈവശം ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് മതിലിലേക്ക് കയറി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.