
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നു കോഴിക്കോട് വിലങ്ങാട് മേഖലയിൽ ഇന്ന് ഹർത്താൽ. കോൺഗ്രസും ബിജെപിയും ചേർന്നാണ് ഹർത്താൽ ആചരിക്കുന്നത്. ദുരിതബാധിതർക്കുള്ള പ്രഖ്യാപനങ്ങൾ വൈകുന്നു. സർക്കാർ തയ്യാറാക്കിയ പട്ടികയിൽ അർഹരെ ഉൾപ്പെടുത്തിയില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. കനത്ത മഴ കാരണം ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറേണ്ടി വന്നവർ കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് ഉപരോധിച്ചിരുന്നു. വിലങ്ങാട് വില്ലേജ് ഓഫീസ് ഉപരോധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വില്ലേജ് ഓഫിസിന്റെ ഗ്രിൽ ഇളക്കി മാറ്റി അകത്ത് കടക്കാനുള്ള ശ്രമം പൊലീസ് തടയുകയായിരുന്നു. ഇന്നലെ രാവില 10 മണിയോടെ ആണ് ദുരിത ബാധിതർ വിലങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത് . ഉച്ചയോടെ പ്രതിഷേധക്കാർ ഓഫിസിന് അകത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.