Banner Ads

വിദ്യാർത്ഥികളിൽ വായനാശീലം വളർത്താൻ പുതിയ പദ്ധതിയുമായി സർക്കാർ; 10 മാർക്ക് വരെ ഗ്രേസ് മാർക്ക് നൽകും

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി ഈ വർഷം മുതൽ സ്കൂൾ പരീക്ഷകളിൽ വായനക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വായനശീലമുള്ള വിദ്യാർത്ഥികൾക്ക് 10 മാർക്ക് വരെ നൽകും. ഇതിനായുള്ള തുടർനടപടികൾക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഗ്രേസ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഉടൻ തന്നെ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി എല്ലാ സ്കൂളുകളിലെയും ലൈബ്രറികൾ കാര്യക്ഷമമാക്കണം. പൊടിപിടിച്ചുകിടക്കുന്ന ലൈബ്രറികൾക്ക് മാറ്റം വരുത്തണം. വായനാശീലമുള്ള ഒരു അധ്യാപികയെ ലൈബ്രറിയുടെ ചുമതല ഏൽപ്പിക്കണം.

ഈ അധ്യാപികയുടെ മേൽനോട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്താൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കണം. പത്രവായന നിർബന്ധമാക്കണമെന്നും മന്ത്രി നിർദേശിച്ചു. ദിവസവും ഒരു പത്രം വായിക്കുന്നത് കുട്ടികളുടെ ഭാവിക്ക് ഗുണകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളുടെ മികച്ച ഭാവിക്കു വായനാശീലം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.