Banner Ads

ബിഹാറിൽ ബിജെപിക്ക് ശുഭപ്രതീക്ഷ; പ്രസ്താവനയുമായി അനിൽ ആൻ്റണി

ദില്ലി: ബിഹാറിൽ ബിജെപിക്ക് ഇനിയും നില മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ആവശ്യം പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെയും നേതൃത്വത്തിൻ്റെ വിജയമാണെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേർത്തു.

കോൺഗ്രസിൻ്റേത് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളം ഉൾപ്പെടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കും. കേരളത്തിലും ബിജെപി തന്ത്രങ്ങൾ വിജയം കാണുമെന്നും അനിൽ ആൻ്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ, എക്സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ എൻഡിഎ വൻ മുന്നേറ്റം തുടരുകയാണ്. 243 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റുകളിലും ലീഡ് ചെയ്ത് എൻഡിഎ മുന്നേറുന്നു.

അതേസമയം, ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം വലിയ തകർച്ചയാണ് നേരിടുന്നത്.66.91% എന്ന റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ, എക്സിറ്റ് പോളുകളെല്ലാം നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് പ്രവചിച്ചിരുന്നത്. എൻഡിഎ 130 മുതൽ 167 വരെ സീറ്റുകൾ നേടുമെന്നും, ഇന്ത്യ സഖ്യം 70 മുതൽ 108 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നുമാണ് പൊതുവെയുള്ള പ്രവചനം.