Banner Ads

സപ്ലൈകോയ്ക്ക് സുവർണ്ണ ജൂബിലി; ഉപഭോക്താക്കൾക്ക് വൻ ഓഫർ പെരുമഴ

കൊച്ചി : അൻപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കുന്ന നിരവധി ഓഫറുകളും പുതിയ പദ്ധതികളും പ്രഖ്യാപിച്ച് സപ്ലൈകോ. ഈ ആനുകൂല്യങ്ങൾ നാളെ (നവംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പ്രതിമാസം 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടാണ് സപ്ലൈകോയുടെ പുതിയ പ്രവർത്തനങ്ങൾ.

14 ജില്ലകളിലായി 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ മൊബൈൽ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത കൂട്ടാനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തും. റേഷൻകാർഡ് ഉടമകൾക്ക് നിലവിലെ 10 കിലോഗ്രാമിന് പകരം 20 കിലോഗ്രാം അരി സപ്ലൈകോ വില്പനശാലകളിലൂടെ ലഭിക്കും.

സപ്ലൈകോയിലെ സ്ഥിരം ഉപഭോക്താക്കൾക്കായി പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഓരോ പർച്ചേസിലും പോയിന്റുകൾ ലഭിക്കുകയും അത് ഉപയോഗിച്ച് പിന്നീടുള്ള വാങ്ങലുകളിൽ വിലക്കുറവ് നേടാനും കഴിയും. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ യുപിഐ മുഖേന അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ച് രൂപ വിലക്കുറവ് ലഭിക്കും.

88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും ശബരി പുട്ടു പൊടിയും വെറും 44 രൂപയ്ക്ക് (50 ശതമാനം വിലക്കുറവോടെ) വാങ്ങാം. വൈകുന്നേരം അഞ്ചുമണിക്ക് മുൻപ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം അധിക വിലക്കുറവ് ലഭിക്കും. 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു കിലോ പഞ്ചസാര വെറും അഞ്ച് രൂപയ്ക്ക് സ്വന്തമാക്കാം.

500 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 105 രൂപ വിലയുള്ള 250 ഗ്രാമിന്‍റെ ശബരി ഗോള്‍ഡ് ടീ 61.50 രൂപയ്ക്ക് ലഭിക്കും. സ്ത്രീ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വരെ പ്രത്യേക കിഴിവ് ലഭിക്കും.