
പമ്പ : ആഗോള അയ്യപ്പ സംഗമത്തിനായുള്ള ഒരുക്കങ്ങൾ പമ്പയിൽ പൂർത്തിയായി. നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി സംഗമം ഉദ്ഘാടനം ചെയ്യും. മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി ചർച്ചകൾ നടക്കും. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയങ്ങൾ.
സംഗമം പൂർണ്ണമായും സ്പോൺസർഷിപ്പ് വഴിയാണ് നടത്തുന്നത്. 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡിനോ സർക്കാരിനോ സാമ്പത്തിക ബാധ്യത വരില്ലെന്നും ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. അയ്യപ്പ സംഗമത്തിൽ എൻഎസ്എസും എസ്എൻഡിപിയും പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5000-ൽ അധികം ആളുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും, അതിൽ നിന്ന് മുൻഗണനയുടെ അടിസ്ഥാനത്തിൽ 3500 പേരെയാണ് തിരഞ്ഞെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. പ്രധാന പന്തലായ ജർമൻ പന്തലിന്റെ നിർമ്മാണം പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.