
ദില്ലി: പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, സംഗമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഉത്തരവാദി ദേവസ്വം ബോർഡായിരിക്കുമെന്ന് അറിയിച്ചു.
ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് എ.എസ്. ചന്ദുർക്കറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് വി.സി. അജികുമാർ, അജീഷ് ഗോപി, ഡോ. പി.എസ്. മഹേന്ദ്രകുമാർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സംഗമത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും, പമ്പാതീരത്ത് പരിപാടി നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. കൂടാതെ, ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്ട്രീയ പരിപാടികൾ നടത്താൻ ഇത് വഴിയൊരുക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കരുതെന്നും, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായി മാത്രമേ പരിപാടി നടത്താവൂ എന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. പരിപാടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും തടസ്സഹർജി നൽകിയിരുന്നു