
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. ബസുകൾക്കുള്ളിൽ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആരും ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട ആവശ്യമില്ല.
ഞാൻ മന്ത്രിയായിരിക്കുമെങ്കിൽ നടപടി എടുത്തിരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കൊല്ലത്ത് മിന്നൽ പരിശോധന നടത്തിയതിനെ തുടർന്ന് ബസിലെ ഡ്രൈവറെ സ്ഥലം മാറ്റിയ മന്ത്രിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണ്. ഡ്രൈവർക്കെതിരെ മാത്രമല്ല അത് പരിശോധിക്കാതെ വിട്ടവർക്കെതിരെയും നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാർ വിശദീകരിച്ചു. ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.