Banner Ads

സംസ്കാര സമയം മാറും; വി.എസ്സിന് യാത്രയയപ്പ് നൽകാൻ ജനസാഗരം ഒഴുകിയെത്തുന്നു

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകും. അഭൂതപൂർവമായ ജനത്തിരക്ക് കാരണം വിലാപയാത്ര വൈകുന്നതിനാലാണിത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വി.എസിന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര കൊല്ലം ജില്ലയും കടന്ന് ആലപ്പുഴയിൽ പ്രവേശിച്ചപ്പോൾ, റോഡിന്റെ ഇരുവശത്തും ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്. തങ്ങളുടെ പ്രിയപ്പെട്ട സമരനായകനെ അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തിയ ജനസാഗരങ്ങൾക്കിടയിലൂടെ വിലാപയാത്രക്ക് നിശ്ചയിച്ച സമയത്തിനകം കടന്നുപോകാൻ വലിയ പ്രയാസം നേരിടുകയാണ്. വി.എസിന്റെ ചിത്രങ്ങളും പുഷ്പങ്ങളും ചെങ്കൊടികളുമായി ആയിരങ്ങളാണ് മുദ്രാവാക്യം വിളികളോടെ വഴിയോരങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ളത്.

ജനക്കൂട്ടം നിയന്ത്രണാതീതമായതിനാൽ സംസ്കാരം നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്ത്, സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കിയെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.