
ദില്ലി : എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നതിൽ നിന്ന് തന്നെ തടഞ്ഞുവെന്ന വെളിപ്പെടുത്തലോടെയാണ് ഗവർണർ രംഗത്തെത്തിയത്. ദില്ലിയിൽ മന്നം അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് പെരുന്നയിലെ മന്നം സമാധിയിൽ എത്തിയപ്പോൾ പുഷ്പാർച്ചന നടത്താൻ നേതൃത്വം അനുവദിച്ചില്ല. ഇത് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഗവർണർ പറഞ്ഞു.
പെരുന്നയിലെ മന്നം സ്മാരകം എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ്. താനൊരു കരയോഗം നായരാണ്. അവിടെ പുഷ്പാർച്ചന നടത്തുക എന്നത് സമുദായ അംഗങ്ങളുടെ അവകാശമാണ്. ഒരാൾക്ക് മാത്രമായ കുത്തകാവകാശമല്ലെന്നും ഗവർണർ വ്യക്തമാക്കി. ഗേറ്റ്കീപ്പറെ കാണാനല്ല താൻ പെരുന്നയിൽ പോകുന്നത്. സമാധിയിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കാവൽക്കാരല്ല. ദില്ലിയിൽ മന്നത്ത് പത്മനാഭന്റെ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു. സ്മാരക നിർമ്മാണത്തിനായി തന്റെ ഒരു മാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.