
പൊന്നാനി: ഹാർബറിന് സമീപം ഭാരതപ്പുഴയിൽ മത്സ്യകൃഷിയിൽ വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി ഇനത്തിൽപെട്ട മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.
ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായും സ്വന്തമായും വാങ്ങിയ 8000 കാളാഞ്ചി മത്സ്യങ്ങൾ ഒരു വർഷം മുമ്ബാണ് ഭാരതപ്പുഴയിൽ വളർത്തിയത്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്.കിലോക്ക് 650 രൂപ വിലവരുന്ന മത്സ്യങ്ങളാണ് ചത്തത്.
സമീപത്തെ മണലെടുപ്പിന്റെ ഭാഗമായി എടുത്ത മണൽ സംസ്കരിച്ച ശേഷമുള്ള അവശിഷ്ടങ്ങൾ പുഴയിൽ തന്നെയാണ് തള്ളുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. ഈ അവശിഷ്ടങ്ങൾ കലർന്നതാകാം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങാൻ ഇടയാക്കിയതെന്നാണ് സംശയം.