
കൊച്ചി:നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. “പ്രകമ്പനം” എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇവിടെ താമസിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച രാത്രി വൈകിയും മുറി തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് നവാസിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കലാഭവനിലൂടെ മിമിക്രി രംഗത്ത് സജീവമായിരുന്ന നവാസ്, പിന്നീട് ചലച്ചിത്ര ലോകത്തേക്ക് കടന്നു വരികയായിരുന്നു. 1995-ൽ ‘ചൈതന്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്.