
കണ്ണൂർ : മൂന്നാമത് ഉത്തര കേരള വള്ളുവൻകടവ് വള്ളംകളി ജലോത്സവം ഇന്ന് (ഞായർ) നടക്കും. പകൽ 11 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജലോത്സവം ഉദ്ഘാടനം ചെയ്യും. കെ.വി. സുമേഷ് എം.എൽ.എ. അധ്യക്ഷനാകും. രാവിലെ 10 മണിക്ക് കലാഭവൻ ദിൽനരാജിന്റെ സംഗീത വിരുന്നോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ജലഘോഷയാത്ര നടക്കും. പകൽ 12 മണി മുതൽ വള്ളംകളി മത്സരങ്ങൾ ആരംഭിക്കും.
25 പേർ തുഴയുന്ന 13 വള്ളങ്ങൾ, 15 പേരുടെ 14 വള്ളങ്ങൾ, 14 വനിതകൾ തുഴയുന്ന 9 വള്ളങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. മത്സരത്തിൽ എ.കെ.ജി. പോടോതുരുത്തി എ, ബി ടീമുകൾ, അഴീക്കോടൻ അച്ചാംതുരുത്തി, റെഡ്സ്റ്റാർ കാര്യങ്കോട്, ന്യൂ ബ്രദേഴ്സ് മയിച്ച, എ.കെ.ജി. മയിച്ച, വയൽക്കര വേങ്ങാട്, ഫൈറ്റിങ് സ്റ്റാർ ക്ലബ് കുറ്റിവയൽ,
കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാംതുരുത്തി എ, ബി ടീമുകൾ, ഇ.എം.എസ്. മുഴക്കിൽ ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്യും.