
എറണാകുളം : എറണാകുളം-ബംഗളൂരു പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ശനിയാഴ്ച (8/11/2025 ശനി) ആരംഭിക്കും. വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരളത്തിലേത് ഉൾപ്പെടെ നാല് വന്ദേഭാരത് സർവീസുകളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 8 മണി മുതൽ 8.30 വരെയാണ് ഉദ്ഘാടനച്ചടങ്ങ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ പ്രധാന ചടങ്ങ് സംഘടിപ്പിക്കും.
തൃശ്ശൂർ, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിന് സ്വീകരണമുണ്ടാകും. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവർ വിവിധ സ്റ്റേഷനുകളിലെ ചടങ്ങുകളിൽ പങ്കെടുക്കും. എട്ട് കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. ബംഗളൂരുവിൽനിന്ന് രാവിലെ 5.10 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിൽ എത്തും.