
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമാന്തര അന്വേഷണത്തിന് വഴിതെളിഞ്ഞു. കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഇ.ഡിക്ക് കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടാണ് കോടതി നടപടി.
കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിനായി കേസ് ഡയറിയിലെയും റിമാൻഡ് റിപ്പോർട്ടിലെയും വിവരങ്ങൾ ഇ.ഡിക്ക് ലഭ്യമാക്കണം.ഇ.ഡി സമാന്തര അന്വേഷണം നടത്തുന്നത് കേസിനെ ബാധിക്കുമെന്നും കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തടസ്സമാകുമെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുക. ഇതിനായി രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിക്കുകയായിരുന്നു.