
തിരുവനന്തപുരം:മദ്യപരിശോധനക്ക് അതിരാവിലെ കെ.എസ്.ആർ.ടി.സി ജീവനക്കാർ എത്തിയത് അടിച്ചു പൂസായി.ആറ്റിങ്ങൽ യൂനിറ്റിലെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സംഭവത്തിന് പിന്നാലെ ആറ്റിങ്ങൽ യൂനിറ്റ് മേധാവി എം.എസ്. മനോജിനെ അധികൃതർ സസ്പെൻഡ് ചെയ്യു ഇക്കഴിഞ്ഞ മേയ് രണ്ടിനാണ് യൂനിറ്റ് ഇൻസ്പെക്ടറായ എം.എസ്. മനോജ് കെ.എസ്.ആർ.ടി.സി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയത്.
ജീവനക്കാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നു എന്ന് പരാതി ലഭിച്ചതിനാലാണ് ഇയാൾ പരിശോധനക്കെത്തിയത്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയായിരുന്നു ഉദ്ദേശിച്ചത്. രാവിലെ അഞ്ച് മണിക്കുള്ള പരിശോധന തുടങ്ങിയപ്പോൾ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് ചില സംശയങ്ങൾ തോന്നിയിരുന്നു.
പിന്നീട് ജീവനക്കാർ മനോജിനോട് സ്വയം ബ്രീത്ത് അനലൈസർ ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇതിന് തയാറായില്ല. പിന്നീട് ഇയാൾ പിൻവാതിലിലൂടെ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. ശേഷം സി.എം.ഡി ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ഡ്യൂട്ടി പാസും ഐ.ഡി കാർഡും തിരിച്ചുവാങ്ങുകയും ചെയ്തു