Banner Ads

ജയിലിനുള്ളിലേക്ക് മയക്കുമരുന്ന് കടത്ത്: ദമ്പതികൾ ഉൾപ്പെടെ മൂന്ന് പ്രതികൾ പിടിയിൽ.

മൈസുരു: മൈസുരു സെൻട്രൽ ജയിലിൽ മകനെ കാണാനെത്തിയ ദമ്പതികൾ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവുമായി പിടിയിലായി. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്ന് കൂട്ടാളി സുരേഷും അറസ്റ്റിലായി.മൈസുരു സെൻട്രൽ ജയിലിനുള്ളിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ മൈസുരു സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ മാണ്ഡി പൊലീസ് അറസ്റ്റ് ചെയ്തു.

ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് ആദ്യം പിടിയിലായത്.ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആകാശിന് നൽകാനായി കൊണ്ടുവന്ന വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ദമ്പതികളിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.ഡിസംബർ 12-നാണ് ഉമേഷും രൂപയും മകനായ വിചാരണത്തടവുകാരൻ ആകാശിനെ കാണാനും വസ്ത്രങ്ങൾ നൽകാനുമായി ജയിലിലെത്തിയത്. ജയിൽ പ്രവേശന കവാടത്തിൽ വെച്ച് നടത്തിയ പരിശോധനയിൽ, കെഎസ്‌ഐഎസ്എഫ് (KSISF) ഉദ്യോഗസ്ഥർ ജീൻസിനുള്ളിൽ നിറച്ച നിരോധിത വസ്തുക്കൾ കണ്ടെത്തുകയായിരുന്നു.കഞ്ചാവ് കാർബൺ പേപ്പറിൽ പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് സൂക്ഷിച്ചിരുന്നത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, മകന്റെ സുഹൃത്തായ സുരേഷ് എം. ആണ് ഈ വസ്തുക്കൾ ജയിലിനുള്ളിൽ എത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടതെന്ന് രൂപ വെളിപ്പെടുത്തി. സുരേഷാണ് കഞ്ചാവ് നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മാണ്ഡി പൊലീസ് സുരേഷിനെയും അറസ്റ്റ് ചെയ്തു.പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവർക്ക് കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്..